Posted by : Malayali Peringode Nov 27, 2014

കമലാസുരയ്യ സ്മാരകഭൂമിയിലെ സർപ്പക്കാവും, സംഘപരിവാരം കെട്ടിയുണ്ടാക്കിയ ഭണ്ഡാരം സ്ഥാപിച്ച സ്ഥലവും. ചെരിഞ്ഞ് നിൽക്കുന്ന ആ മരമാണ്, 'നീർമാതളം'


ലയാളത്തിലെ ഏറ്റവും മൗലികതയുള്ള എഴുത്തുകാരി എന്നു നിസംശയം വിശേഷിപ്പിക്കാവുന്ന മഹതിയാണ് യശശരീരയായ കമലാസുരയ്യ. മാധവിക്കുട്ടി എന്ന പേരില്‍ മലയാളികളുടെ ഹൃദയം കീഴടക്കിയ അവര്‍ കമലാദാസ് എന്ന പേരില്‍ അന്തര്‍ദേശീയ ശ്രദ്ധയും നേടിയിരുന്നു. നാലാപ്പാട്ട് നാരായണ മേനോന്‍ എന്ന വിജ്ഞാനിയും കവിയുമായ അമ്മാവനും ബാലാമണിയമ്മ എന്ന കവയത്രിയായ അമ്മയും പിറന്ന തറവാടിന് യശോതിലകം ചാര്‍ത്തിയ രചനാലോകമാണ് മാധവിക്കുട്ടി എന്ന കമലാസുരയ്യയില്‍ നിന്ന് നമ്മള്‍ക്ക് ലഭിച്ചത്. പക്ഷേ, ചേരമാന്‍ പെരുമാള്‍ എന്നു വിഖ്യാതനായ ഹിന്ദു രാജാവ് ഇസ്‌ലാം സ്വീകരിച്ച് മക്കത്തു പോയപ്പോള്‍ ഉണ്ടാവാത്തത്ര വലിയ ഭൂമികുലുക്കങ്ങള്‍ നാലപ്പാട്ടെ മാധവിക്കുട്ടി കമലാസുരയ്യ എന്നു പേരുമാറ്റി ഇസ്‌ലാം മതം സ്വീകരിച്ചപ്പോള്‍ ഇവിടെ ഉണ്ടായി! ഒരു വിവാദവും താനെ ഉണ്ടാകുന്നതല്ല; ഉണ്ടാക്കപ്പെടുന്നതാണ്. മാധവിക്കുട്ടിയുടെ ഇസ്‌ലാം മത സ്വീകാര്യവും നിക്ഷിപ്ത താല്പര്യക്കാര്‍ വിവാദമാക്കിത്തീര്‍ത്തു. പക്ഷേ കമലാസുരയ്യ അസാമാന്യ ധീരതയുള്ളവളായിരുന്നു. അതിനാല്‍ തന്നെ ഒരു സിംഹികയുടെ പൗരുഷത്തോടെ കമലാസുരയ്യ തന്നെ ചൂഴ്ന്നു ചിലര്‍ വളര്‍ത്തിയെടുത്ത വിവാദങ്ങളെ  എതിരിട്ടു. ആര്‍ദ്രഹൃദയം മാത്രമല്ല ആയോധനശൂരതയും തനിക്കുണ്ടെന്ന് അവര്‍ തെളിയിക്കുകയും ചെയ്തു.


“സര്‍പ്പക്കാവുകള്‍, ചില ശിലാവിഗ്രഹങ്ങളുടെ അവശിഷ്ടങ്ങള്‍, എന്നിവയെ പ്രതിയാക്കി മതവികാരം ഇളക്കിവിട്ട് ചെറുതും വലുതുമായ ബാബറി മസ്ജിദ്-രാമജന്മഭൂമി തര്‍ക്കസ്ഥാനുകള്‍ രാജ്യമെമ്പാടും ഉണ്ടാക്കിയെടുത്ത് രാഷ്ട്രീയ മുതലെടുപ്പു നടത്തുവാനുള്ള സംഘപരിവാരത്തിന്റെ ഫാസിസ്റ്റ് രാഷ്ട്രീയ പ്രവണതകളുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമായിട്ടു കൂടി വേണം കമലാസുരയ്യയുടെ സ്മാരക ഭൂമിയിലുണ്ടായ അതിക്രമങ്ങളെ കാണുവാന്‍. ഇതിനെ മുഴുവന്‍ മതേതര ജനാധിപത്യ ശക്തികളും സഗൗരവം തിരിച്ചറിഞ്ഞ് ചെറുക്കേണ്ടതുണ്ട്.”

പക്ഷേ, മാധവിക്കുട്ടിയെ ചുറ്റിപ്പറ്റി ബോധപൂര്‍വം വിവാദങ്ങള്‍ സൃഷ്ടിക്കുവാനുള്ള നിക്ഷിപ്ത താല്പര്യക്കാരുടെ കുത്സിത നീക്കങ്ങള്‍ക്ക് ഇപ്പോഴും അറുതിയായിട്ടില്ല. ഇതിനു തെളിവാണ് പുന്നയൂര്‍ക്കുളത്തെ കമലാസുരയ്യ സ്മാരകപ്പറമ്പില്‍ ഈയിടെ ഉണ്ടായ ചില അതിക്രമപ്രവര്‍ത്തനങ്ങള്‍. തനിക്കു ഭാഗം കിട്ടിയതും തന്റെ രചനാലോകത്തിലെ നിത്യകഥാപാത്രമായ നീര്‍മാതളമരം നില്ക്കുന്നതുമായ പുന്നയൂര്‍ക്കുളത്തെ പറമ്പ് കമലാസുരയ്യ കേരള സാഹിത്യ അക്കാദമിക്ക് തന്റെ സ്മരണാര്‍ഥമുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി എഴുതിക്കൊടുത്താണ് മണ്‍മറഞ്ഞത്. അതിനാല്‍ ഇപ്പോള്‍ ആ ഭൂമി കേരള സാഹിത്യ അക്കാദമിക്കു സ്വന്തമാണ്. അതു സ്വന്തമാക്കാനുള്ള കുത്സിത നീക്കങ്ങളാണ് നാലപ്പാട്ട് തറവാട്ടില്‍ പിറന്ന ചിലര്‍ നടത്തിയത്. പറമ്പിനകത്തൊരു സര്‍പ്പക്കാവുണ്ട്. അതിനെ ഹൈന്ദവ പാരമ്പര്യരീതിയില്‍ ആരാധിക്കുവാന്‍ തങ്ങള്‍ക്ക് അവകാശമുണ്ട് എന്നൊക്കെ പറഞ്ഞാണ് അവര്‍ കരുനീക്കങ്ങള്‍ നടത്തിയത്. മതപരിവേഷം കൊടുത്താല്‍ തങ്ങളുടെ എന്തു തോന്ന്യാസവും ന്യായീകരിക്കാനാകുമെന്ന് ഈ ഭൂമി ബലാത്സംഗക്കാര്‍ കരുതുന്നു. അന്യന്റെ സ്ത്രീയെ ബലാല്‍ കീഴ്‌പ്പെടുത്തുന്നതു മാത്രമല്ല ബലാത്സംഗം. അന്യന്റെ ഭൂമിയെ  ബലാല്‍ കീഴ്‌പ്പെടുത്തുന്നതും ബലാത്സംഗം തന്നെ. സാഹിത്യ അക്കാദമി എന്നതു പൊതുസ്ഥാപനമായതിനാല്‍ സാഹിത്യ അക്കാദമിക്ക് കമലാ സുരയ്യ ഇഷ്ടദാനം നല്കിയ ഭൂമിക്കു മേലുള്ള ബലപ്രയോഗം പൊതുസ്വത്തിനെ ബലാത്സംഗം ചെയ്യുന്ന അതിക്രമമാണ്. ഇത്തരം അതിക്രമങ്ങളെ സാക്ഷരകേരളം ഒറ്റക്കെട്ടായി ചെറുത്തു തോല്പിക്കേണ്ടതുണ്ട്.

സര്‍പ്പക്കാവിനെ പരമ്പരാഗതമായ ഉപചാര മര്യാദകളോടെ സംരക്ഷിക്കണമെങ്കിലും അവിടെ ആയില്യപൂജയോ സര്‍പ്പംതുള്ളലോ പോലുള്ള ചടങ്ങുകള്‍ നടത്തണമെങ്കിലും ദേവസ്വം ബോര്‍ഡിലൂടെ അനേകം ക്ഷേത്രങ്ങളെ നന്നായി നിലനിര്‍ത്തി വരുന്ന സര്‍ക്കാരിന്റെ കീഴിലുള്ള കേരള സാഹിത്യ അക്കാദമിക്കു  കഴിയും. അതിന് അവരോട് അഭ്യര്‍ഥന നടത്തുവാനുള്ള സ്വാതന്ത്ര്യം ഏതു പൗരനും ഉണ്ട്. പക്ഷേ സര്‍ക്കാര്‍ ഭൂമിയിലെ സര്‍പ്പക്കാവിലേക്ക് കടന്നുകയറി പൂജ ചെയ്യുവാനുള്ള അധികാരം നാലാപ്പാട്ടെ എന്നല്ല എവിടുത്തേയും സര്‍പ്പസന്തതികള്‍ക്കില്ല. എന്തായാലും കയ്യേറ്റം മനസ്സിലാക്കിയ ഉടനെ തന്നെ ഭൂമി ബലാത്സംഗികള്‍ കെട്ടിയുണ്ടാക്കിയ വേലിക്കെട്ടും ഭണ്ഡാരവും ഒക്കെ പൊളിച്ചുമാറ്റാനുള്ള മതേതര ജനാധിപത്യ ധീരത സര്‍ക്കാര്‍ പക്ഷത്തു നിന്നുണ്ടായത് അനുമോദനീയമാണ്. ഇതു ചെയ്തില്ലായിരുന്നെങ്കില്‍ പാലക്കാട്ടെ ഹനുമല്‍ ക്ഷേത്രത്തെ മറയാക്കി കോട്ടമൈതാനി ആര്‍ എസ് എസ് പരിവാരം ബലാല്‍ പിടിച്ചെടുത്തതു പോലുള്ള സംഘര്‍ഷസ്ഥിതി കമലാസുരയ്യയുടെ സ്മാരകഭൂമിക്കും ഉണ്ടാകുമായിരുന്നു. സര്‍പ്പക്കാവുകള്‍, ചില ശിലാവിഗ്രഹങ്ങളുടെ അവശിഷ്ടങ്ങള്‍, എന്നിവയെ പ്രതിയാക്കി മതവികാരം ഇളക്കിവിട്ട് ചെറുതും വലുതുമായ ബാബറി മസ്ജിദ്-രാമജന്മഭൂമി തര്‍ക്കസ്ഥാനുകള്‍ രാജ്യമെമ്പാടും ഉണ്ടാക്കിയെടുത്ത് രാഷ്ട്രീയ മുതലെടുപ്പു നടത്തുവാനുള്ള സംഘപരിവാരത്തിന്റെ ഫാസിസ്റ്റ് രാഷ്ട്രീയ പ്രവണതകളുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമായിട്ടു കൂടി വേണം കമലാസുരയ്യയുടെ സ്മാരക ഭൂമിയിലുണ്ടായ അതിക്രമങ്ങളെ കാണുവാന്‍. ഇതിനെ മുഴുവന്‍ മതേതര ജനാധിപത്യ ശക്തികളും സഗൗരവം തിരിച്ചറിഞ്ഞ് ചെറുക്കേണ്ടതുണ്ട്.

ലേഖനത്തിനു കടപ്പാട്: http://goo.gl/jbHNIA

എന്റെ ക്ലിക്ക് • My Click

മലയാളി Malayaali

{ 1 comments... read them below or add one }

  1. “സര്‍പ്പക്കാവുകള്‍, ചില ശിലാവിഗ്രഹങ്ങളുടെ അവശിഷ്ടങ്ങള്‍, എന്നിവയെ പ്രതിയാക്കി മതവികാരം ഇളക്കിവിട്ട് ചെറുതും വലുതുമായ ബാബറി മസ്ജിദ്-രാമജന്മഭൂമി തര്‍ക്കസ്ഥാനുകള്‍ രാജ്യമെമ്പാടും ഉണ്ടാക്കിയെടുത്ത് രാഷ്ട്രീയ മുതലെടുപ്പു നടത്തുവാനുള്ള സംഘപരിവാരത്തിന്റെ ഫാസിസ്റ്റ് രാഷ്ട്രീയ പ്രവണതകളുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമായിട്ടു കൂടി വേണം കമലാസുരയ്യയുടെ സ്മാരക ഭൂമിയിലുണ്ടായ അതിക്രമങ്ങളെ കാണുവാന്‍. ഇതിനെ മുഴുവന്‍ മതേതര ജനാധിപത്യ ശക്തികളും സഗൗരവം തിരിച്ചറിഞ്ഞ് ചെറുക്കേണ്ടതുണ്ട്.”

    ReplyDelete

- Copyright © Insight | ഇൻസൈറ്റ് -Shinpuru v2- Powered by Blogger - Designed by Johanes Djogan -